ബ്ലോഗെഴുത്തുലോകം വാരം 005 രചന 03

വേദാരണ്യം അദ്ധ്യായം 23: മഠത്തിലമ്മ (നോവൽ)

സജി വട്ടംപറമ്പിൽ

sajivattamparambil@yahoo.com

 

ഉഭയൂർ നാണിയമ്മയ്ക്കു മക്കൾ പതിനൊന്ന്. പെറാഞ്ഞിട്ടല്ല; പതിന്നാലു പെറ്റു. പതിനൊന്നെണ്ണത്തിനെ പോറ്റി വളർത്താനേ ദൈവം കൊടുത്തുള്ളൂ.

രാവെന്നോ പകലെന്നോ നോക്കിയില്ല; നാണിയമ്മയ്ക്കു പേറ്റുനോവിളകുമ്പോൾ കുഞ്ചുണ്ണ്യാര് ഓടിപ്പോയി വയറ്റാട്ടിയെ കൊണ്ടുവന്നു. പേറെടുത്ത്, ഇളം ചൂടുവെള്ളത്തിൽ കുളിപ്പിച്ചു കുട്ടിയെ കൈയിൽ കൊടുക്കുമ്പോൾ കുഞ്ചുണ്ണ്യാരുടെ മുഖത്തു നോക്കി തെല്ലു സന്തോഷത്തോടെ പാട്ടിപ്പെണ്ണു പറഞ്ഞു: “ആങ്കുട്ട്യാ ട്ടാ!”

കേൾക്കേ കേൾക്കെ കുഞ്ചുണ്ണ്യാരുടെ ഉള്ള് നിറഞ്ഞു കുളിർന്നു. രണ്ടു കൈയും നെഞ്ചത്ത് അമർത്തിച്ചേർത്തു ഭഗവാനോട് അടുത്തു നിന്നു സംസാരിച്ചു:

“നമ്മടെ പെടാപ്പാട് കണ്ടറിഞ്ഞു, ല്ലേ കൃഷ്ണാ! ഇണ്ടാവട്ടെ, ഇഞ്ഞും ണ്ടാവട്ടെ. തര്‌ണ്‌ണ്ട്, ഒരു തുടം വെണ്ണ!!”

പേറു കഴിഞ്ഞു തരളപ്പെട്ടു കിടക്കുന്ന നാണിയമ്മയിലും വാത്സല്യം കിനിഞ്ഞു.

ഒന്നു പെറ്റു, രണ്ടു പെറ്റു, മൂന്നു പെറ്റു. അപ്പോഴൊക്കെ സന്തോഷം തന്നെയാണു തോന്നിയത്. പിന്നെപ്പിന്നെ, പേറു കഴിഞ്ഞു കുട്ടിയെ കുളിപ്പിക്കാനെടുക്കുമ്പോൾ നോവും തളർച്ചയുമൊന്നും കാര്യമാക്കിയില്ല; നാണിയമ്മ വയറ്റാട്ടിപ്പെണ്ണിനെ തടഞ്ഞു:

“അതിനെ അങ്ങ്ട്ട് കൊടക്കണ്ട. നായര് അവിടെ നിക്കട്ടെ.”

കാര്യമറിയാതെ വയറ്റാട്ടി നാണിയമ്മയുടെ മുഖത്തേക്കു നോക്കി.

“കുട്ടീനെ കൊടക്കണ്ടാന്നാ പറഞ്ഞത്!” നാണിയമ്മയുടെ മുഖം കറുത്തു. “ഈ തറവാട് നെലനിർത്താൻ ഒരു പെങ്കുട്ടീനെ തരാൻ പറ്റില്ലെങ്കിൽ എനിയ്ക്കീ നായര്ടെ ആവശ്യം ല്യ! പൊക്കോട്ടെ, എങ്ങ്ട്ടെങ്കിലും…”

രണ്ടു കൈകളും തോളിലേയ്ക്കു പിണച്ചു വെച്ച്, അകത്തേയ്ക്കു കാതും കൊടുത്ത് അക്ഷമനായി കട്ടിളപ്പടിക്കു പുറത്തു കാത്തു നിന്നിരുന്ന കുഞ്ചുണ്ണ്യാരുടെ ഇടനെഞ്ചു പൊട്ടി:

“എന്താ നാണ്യമ്മേ, ഈ പറയണത്!” നായരു കെഞ്ചി. “നമ്മളെക്കൊണ്ട് പറ്റാഞ്ഞിട്ടല്ലല്ലോ. ഭഗവാൻ തരണത് രണ്ട് കൈയും നീട്ടി വാങ്ങാനല്ലേ, പാകം ള്ളോ…”

“അതന്ന്യാ പറഞ്ഞത്. അങ്ങനെ ഇപ്പോ രണ്ട് കൈയും നീട്ടി വാങ്ങണ്ട.” പേറ്റുപായിൽ നാണിയമ്മ പുറം തിരിഞ്ഞ് കെറുവിച്ചു കിടന്നു.

അതിൽപ്പിന്നെ, നുരിമ്പിച്ച കരിയോലപ്പഴുതിലൂടെ ആകാശം നോക്കി പടിപ്പുരയിലായി കുഞ്ചുണ്ണ്യാരുടെ കിടപ്പ്. കെട്ടിയെങ്കിൽ കെട്ടി, ഇല്ലെങ്കിലില്ല: അതാണു പടിപ്പുരയുടെ സ്ഥിതി.

അത്താഴം കഴിഞ്ഞാൽ പടിപ്പുരയിലേക്ക് ഒരു കീറപ്പായ എറിഞ്ഞു കൊടുക്കും. അതു വിരിക്കാൻ അമാന്തിച്ച് കുറേനേരം അങ്ങനെ തന്നെ കാത്തിരിക്കും. പന്തല്ലൂരും ചൊവ്വന്നൂരും കടന്നു വരുന്ന ദക്ഷിണമലബാറിലെ അണലാളുന്ന വേനൽക്കാറ്റിൽ നായര് ഇരുന്നങ്ങനെ വിയർത്തു. മൊന്തയിലെ വെള്ളം അങ്ങനെ തന്നെ എടുത്തു മോന്തി. കവുങ്ങിൻപാള മുറിച്ചുണ്ടാക്കിയ വിശറിയെടുത്തു വീശി. വായൂകോപം തികട്ടിക്കയറി. ഗതം മേല്പോട്ടെടുത്ത്, എരിപൊരി സഞ്ചാരമെടുത്ത് അങ്ങോട്ടുമിങ്ങോട്ടും നടക്കുമ്പോഴും കുഞ്ചുണ്ണ്യാര് കാതു കൊടുത്തു: മനസ്സു മാറി നാണിയമ്മയെങ്ങാനും വിളിയ്ക്ക്ണ്‌ണ്ടോ…

കള്ളക്കർക്കിടകം നിന്നു ചൊരിയുമ്പോൾ കാളിപ്പയ്യൂരു നിന്നു കാറ്റ് വട്ടം ചുഴറ്റിയെത്തി. പടിപ്പുരയിലെ കീറപ്പായിൽ തണുപ്പകറ്റാൻ, കാൽക്കൂട്ടിൽ കൈകൾ തിരുകി ചുരുണ്ടു കിടക്കുന്ന നായരോടു നാണിയമ്മയ്ക്കു പാവം തോന്നി. നോക്കണ്ടാന്നു വിചാരിച്ചാലും കണ്ണ് അങ്ങോട്ടു തന്നെ ചെന്നു. എന്തു തന്ന്യായാലും കുട്ട്യോൾടെ അച്ഛനല്ലേ.

“പൊറത്ത് നല്ല തണുപ്പാൺലോ. ങ്ങോട്ട് അകത്തേയ്ക്ക് കെടന്നോളോ.”

പകലദ്ധ്വാനത്തിന്റെ ആലസ്യത്തോടെ, ഇഷ്ടമില്ലെന്ന മട്ടിൽ, ഉറക്കമത്തിൽ ഉടുമുണ്ടു വാരിച്ചുറ്റി കുഞ്ചുണ്ണ്യാര് പിറകെ ചെന്നു. പേറ് ഓരോന്നു കഴിയുമ്പോഴും നാണിയമ്മയ്ക്കു ശൗര്യം കൂടിക്കൂടി വന്നതേയുള്ളൂ.

അങ്ങനെ, പ്രതീക്ഷയൊട്ടുമില്ലാതിരിക്കുമ്പോഴാണു പതിന്നാലാം കാല് പെണ്ണായത്. പൂന്തിങ്കളുദിച്ച പോലെ തുടുതുടുത്തൊരു തങ്കക്കുടം!

പെൺകുഞ്ഞു പിറന്നതോടെ കുഞ്ചുണ്ണ്യാര്ക്കും വന്നു; ഒരു നെലേം വെലേം! ആരുടേയും അനുവാദം ചോദിക്കാൻ നിന്നില്ല; നായര് പായും തലയിണയും അകത്തേയ്ക്കെടുത്തു.

നാണിയമ്മ പെങ്കുട്ടിയെ പെറ്റതു കുഞ്ചുണ്ണ്യാരു തന്നെ ഓടി നടന്നു നാട്ടുകാരേയും വീട്ടുകാരേയും അറിയിച്ചു. ഇനിയൊരാളും അറിയാൻ ബാക്കിയില്ല. കുട്ടീനെക്കാണാൻ ബന്ധുജനങ്ങളെല്ലാം വന്നു. വന്നവർ, കണ്ടവർ എല്ലാം സന്തോഷത്തിലും വാത്സല്യപ്രകടനത്തിലും പിശുക്കിയില്ല. അത്രയും ചന്തമുള്ളൊരു കുഞ്ഞിനെ അടുത്ത പുറത്തൊന്നും ആരും കണ്ടിട്ടില്ല!

മണ്ണാത്തി മാറ്റ് കൊണ്ടുവന്നു. ഇരുപത്തെട്ടിനു കുട്ടിയ്ക്കു ചരടു കെട്ടി. അമ്പത്താറിനു പേരിട്ടു: പാർവതി – പാറൂട്ടി. അഞ്ചാം മാസത്തിൽത്തന്നെ ഗുരുവായൂരു കൊണ്ടുപോയി ചോറുകൊടുത്തു. ഒപ്പം ഉഭയൂർ ശിവക്ഷേത്രത്തിലും മാദേവപ്രീതി വഴിപാടുകൾ ചെയ്തു.

നാണിയമ്മയുടെ ഉടൻപിറപ്പ് ഗോപാലൻ നായർ ആണ്ടുപിറന്നാളിനു ജാതകം തയ്യാറാക്കാൻ കാളിപ്പയ്യൂര് വല്യനമ്പൂതിരിയെത്തന്നെ ഏർപ്പാടാക്കി. ജാതകം ഗണിച്ച ശ്രേഷ്ഠബ്രാഹ്മണൻ ആശ്ചര്യപ്പെട്ടു:

“നമുക്കീ കുട്ടിയെ ഒന്ന് കാണണമായിരുന്നു. സകലകലാവല്ലഭയാണ്. ജാതകപ്രകാരം രാജയോഗമുണ്ട്. ഒരു നാടു ഭരിക്കാനുള്ള പ്രാപ്തിയും.”

കാളിപ്പയ്യൂർ മനയിലെ നമ്പൂതിരി വീടുകളിൽ പോയി ജാതകം വായിക്കുന്ന ഏർപ്പാടില്ല. പനയോലയിൽ എഴുതിത്തയ്യാറാക്കിയ ജാതകം പെലയ്ക്കാട്ടുപയ്യൂർ കളരിക്കൽ താച്ചുട്ടിപ്പണിക്കരാണു വായിച്ചത്.

പഠിക്കാൻ കുന്നംകുളത്തു ചേർക്കണമെന്നു നാണിയമ്മയ്ക്കു നിർബന്ധമായിരുന്നു. താഴത്തും തലയിലും വെയ്ക്കാതെ കുഞ്ചുണ്ണ്യാര് മകളെ കൊണ്ടുപോകുകയും കൊണ്ടുവരികയും ചെയ്തു. കളികളിലെന്ന പോലെ പഠിപ്പിലും മിടുക്കിയായ പാറൂട്ടിയെ നാലാം തരം കടന്നപ്പോൾ അമ്മാവൻ ഗോപാലൻ നായർ പേരാമംഗലം ദുർഗാവിലാസം വിദ്യാലയത്തിൽ കൊണ്ടുപോയി ചേർത്തു. അവിടെയാവുമ്പോൾ മണിയടിക്കുന്ന ശബ്ദം കേൾക്കുമ്പോൾ വീട്ടിൽ നിന്നിറങ്ങിയാൽ മതി. വീടും വിദ്യാലയവും തമ്മിൽ അത്രയ്ക്കുള്ള ദൂരമേയുള്ളൂ. വെയിലും വാട്ടവും ഉണ്ടാവുകയുമില്ല.

പഠിക്കാനും തൊട്ടടുത്തുള്ള തെച്ചിക്കോട്ടുകാവ് അമ്പലത്തിൽ തൊഴാൻ പോകാനും പേരാമംഗലം മനയിലെ ശ്രീകലത്തമ്പുരാട്ടിയെ കൂട്ടിനു കിട്ടി. സമർത്ഥയും സുന്ദരിയുമായ പാറൂട്ടിയെ തോഴിയായി ലഭിച്ചതിൽ ശ്രീകലത്തമ്പുരാട്ടി ഉള്ളറിഞ്ഞു സന്തോഷിച്ചു.

അമ്പലത്തിന്റെ വടക്കുവശത്താണു പേരാമംഗലം മന. നേരം, കാലം നോക്കാതെ ഏതു സമയത്തും മനയിൽ ചെല്ലുന്നതിനുള്ള സ്വാതന്ത്ര്യം മിടുക്കുകൊണ്ടു പാറൂട്ടി നേടിയെടുത്തു. പതുക്കെപ്പതുക്കെ പാറൂട്ടി മനയ്ക്കലെ ഒരു അംഗത്തെപ്പോലെ തന്നെയായിത്തീർന്നു. അങ്ങനെ തമ്പുരാട്ടിമാർക്കൊപ്പം തൃപ്രയാറും ഗുരുവായൂരും തിരുവാണിക്കാവിലും വടക്കുന്നാഥനിലും മറ്റും നേരിട്ടു തൊഴാനുള്ള ഭാഗ്യവും കിട്ടി.

ഒരിക്കൽ കണ്ടാൽ മതി അല്ലെങ്കിൽ കേട്ടാൽ മതി, പാറൂട്ടിക്കു പഠിക്കാൻ. തിരുവാതിരകളിയും ചതുരംഗവും അമ്മത്തമ്പുരാട്ടിമാരിൽ നിന്നു പാറൂട്ടി അനായാസം പഠിച്ചെടുത്തു. വേദവും ശ്ലോകവും ഹൃദിസ്ഥമാക്കി.

ഒരിക്കൽ മനയ്ക്കലേക്കു വിരുന്നു വന്ന ആറങ്ങോട്ടു മനയിലെ വലിയ കൊച്ചുകുട്ടൻ തമ്പുരാനെ ചതുരംഗത്തിൽ നിഷ്‌പ്രയാസം തോല്പിക്കുകയുണ്ടായി. നാലോ അഞ്ചോ നീക്കം. അതിലപ്പുറം മുന്നേറാൻ കഴിയുമായിരുന്നില്ല. കളിയിൽ തോറ്റ തമ്പുരാൻ അപ്പോൾ, അപ്പോൾ മാത്രമാണു പാറൂട്ടിയെ ശ്രദ്ധിച്ചത്.

അസാധാരണമായതൊന്നും സംഭവിച്ചിട്ടില്ലെന്ന മട്ടിൽ, സാകൂതം പുഞ്ചിരി തൂകി നിൽക്കുന്ന പെൺകുട്ടിയിലെ വിസ്മയം ആത്മഗതമായി വെളിപ്പെടുത്തി:

“ഇയാളൊരു സാധാരണ പെങ്കുട്ടിയല്ല!”

പതിനെട്ടാം പിറന്നാളിനു വടക്കുന്നാഥനെ തൊഴണമെന്നു പാറൂട്ടിക്കു നിർബന്ധം. തമ്പുരാട്ടിമാർക്കൊപ്പം മതിൽക്കെട്ടിനകത്ത് അടക്കം പറഞ്ഞു നടന്നിരുന്ന പെൺകിടാവിനെ സാക്ഷാൽ കൊച്ചിയിലെ രാജാവു നേരിൽക്കണ്ട്. വടക്കേച്ചിറയിൽ, വിശ്രമവേളയിൽ വിത്തും പേരും ആരാഞ്ഞു.

പാചകകലയിൽ പ്രശസ്തനായ പാട്ടുരായ്ക്കൽ അമ്പിപ്പട്ടരുടെ കയ്യാളായി തൈക്കാട്ടുശ്ശേരിയിലെത്തിയ ഗോപാലൻ നായരെ കാണാൻ ചാലക്കുടിയിലെ പൗരപ്രമുഖനൊരാൾ വന്നു. പട്ടർക്ക് ആളെ മനസ്സിലായി; ഉപചാരപൂർവം സ്വീകരിച്ചു. പട്ടര് ഗോപാലൻ നായരെ വിളിച്ചു പരിചയപ്പെടുത്തി.

ഒന്നു നടന്നും പിന്നൊന്നു നിന്നും നാട്ടുകാരും വഴിപോക്കരും അന്തം വിട്ടു നോക്കി: ‘ദെന്താണിവിടെ നടക്കാൻ പോകുന്നത്!”

ആർക്കും ഒന്നും മനസ്സിലായില്ല. രാജഭടന്മാർ നാലുപുറവും പാറാവു നിൽക്കെ, ആരും ആരോടുമൊന്നും ചോദിച്ചില്ല.

നാണിയമ്മയുടെ പടിപ്പുരയും വീടും പൊളിച്ചു. പകരം അല്പം തെക്കോട്ടു മാറി, അതായത് പാറക്കുളത്തിനും തെക്ക്, ഗുരുവായൂരിലേക്കുള്ള നടവഴിയ്ക്കരികെ, നാലുകെട്ടും പടിപ്പുരയും ദ്രുതഗതിയിൽ പണിതുയർന്നു. നാട്ടുകാർ അതിനെ ബഹുമാനപൂർവം മഠം എന്നു വിളിക്കാൻ തുടങ്ങി. ഉഭയൂർ മഠത്തിലെ പാർവതി അന്നു മുതൽ മഠത്തിലമ്മ എന്നറിയപ്പെട്ടു.

മാസത്തിലൊരിക്കൽ രാജാവ് ഉഭയൂർ മഠത്തിൽ അന്തിയുറങ്ങി.

(തുടരും)

_____________________________________________________________________

രചനയെപ്പറ്റിയുള്ള പ്രതികരണങ്ങൾ താഴെക്കാണുന്ന ഐഡികളിൽ ഏതെങ്കിലുമൊന്നിലേയ്ക്ക് ഈമെയിലായി അയച്ചുതരിക:

blogezhuththulokam@gmail.com

blogezhuththulokam@outlook.com

_____________________________________________________________________

ബ്ലോഗെഴുത്തുലോകത്തിലെ മറ്റു ലിങ്കുകൾ

ബ്ലോഗെഴുത്തുലോകം ഒന്നാം പേജ്

നിബന്ധനകൾ, മുന്നറിയിപ്പുകൾ, അറിയിപ്പുകൾ

രചനകളുടെ സമ്പൂർണലിസ്റ്റ്

ബ്ലോഗെഴുത്തുലോകം വാരം അഞ്ചിലെ രചനകൾ

സമ്മാനാർഹമായ രചനകൾ

ബ്ലോഗെഴുത്തുലോകം രചയിതാക്കളുടെ ലിസ്റ്റ്

ബ്ലോഗെഴുത്തുലോകത്തിലെ മറ്റു ലിങ്കുകൾ

_____________________________________________________________________

വേദാരണ്യത്തിന്റെ മുൻ അദ്ധ്യായങ്ങളുടെ ലിങ്കുകൾ:

വേദാരണ്യം അദ്ധ്യായം 22: നിശ്ചയദാർഢ്യം

വേദാരണ്യം അദ്ധ്യായം 21: പട്ടം

വേദാരണ്യം അദ്ധ്യായം 20: ഏഴാംപൂജ

വേദാരണ്യം അദ്ധ്യായം 19: അന്നലക്ഷ്‌മി

വേദാരണ്യം അദ്ധ്യായം 18: ഹൃദയവാഹിനി

വേദാരണ്യം അദ്ധ്യായം 17: കണ്ണീർവഴികൾ

വേദാരണ്യം അദ്ധ്യായം 16: പഷ്‌ണിപ്പുര

വേദാരണ്യം അദ്ധ്യായം 15: നിഴൽരൂപങ്ങൾ

വേദാരണ്യം അദ്ധ്യായം 14: ഉതിർമണികൾ

വേദാരണ്യം അദ്ധ്യായം 13: ചെപ്പ്

വേദാരണ്യം അദ്ധ്യായം 12: മകരച്ചൊവ്വ

വേദാരണ്യം അദ്ധ്യായം 11: കൃഷ്‌ണതുളസി

വേദാരണ്യം അദ്ധ്യായം 10: ഗൃഹപ്രവേശം

വേദാരണ്യം അദ്ധ്യായം 9: പാഥേയം

വേദാരണ്യം അദ്ധ്യായം 8: ജലമൗനം

വേദാരണ്യം അദ്ധ്യായം 7: കാവ് തീണ്ടൽ

വേദാരണ്യം അദ്ധ്യായം 6: ഊരുവലം

വേദാരണ്യം അദ്ധ്യായം 5: പുലപ്പേടി

വേദാരണ്യം അദ്ധ്യായം 4: ജനനി

വേദാരണ്യം അദ്ധ്യായം 3: കൈതമുള്ള്

വേദാരണ്യം അദ്ധ്യായം 2: കുരുപ്പ്

വേദാരണ്യം അദ്ധ്യായം 1 വൈലിത്തറ

_____________________________________________________________________

 

Advertisements

About ബ്ലോഗെഴുത്തുലോകം

മലയാളം ബ്ലോഗെഴുത്തുകാർക്കു ‘ബ്ലോഗെഴുത്തുലോക’ത്തിലേയ്ക്കു ഹാർദ്ദമായ സ്വാഗതം.
This entry was posted in ബ്ലോഗെഴുത്തുലോകം, ബ്ളോഗെഴുത്തുലോകം and tagged , , , , , , , , , , , . Bookmark the permalink.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s