ബ്ലോഗെഴുത്തുലോകം വാരം 005 രചന 02

വേദാരണ്യം അദ്ധ്യായം 22: നിശ്ചയാർത്ഥം* (നോവൽ)

സജി വട്ടംപറമ്പിൽ

sajivattamparambil@yahoo.com

 

“ചാത്തപ്പന് എന്താണെങ്കിൽ കൊടുക്ക് രാഘവാ.” പാറമ്മാൻ മക്കളെ വിളിച്ചു പറഞ്ഞു.

കാര്യങ്ങൾ അതിന്റെ ചടങ്ങുകൾ പോലെ നടക്കട്ടെ. അടുക്കളമുറ്റം തൊടാതെ വടക്കുപുറത്തു കൂടി ചാത്തപ്പൻ മുറ്റത്തേയ്ക്കു കടന്നു. കടന്നതും, ഇരുമ്പാംപുളിമരത്തണലിൽ, കെട്ടിയ കുറ്റിയിൽ വിശ്രമിച്ചിരുന്ന നായ കുരച്ചുചാടിയതും ഒപ്പമായി!

“ഹെയ്-ഹെയ് ചൊക്കൂ, മിണ്ടറ്റോ! ദ് ഇമ്പ്ടെ ആളാണെഡാ.” കുഞ്ഞുണ്ണി ചൊക്കൂനെ പിടിച്ചു സമാധാനപ്പെടുത്തി.

ഒരു ചാവാളിനായ. വൃത്തിയായി കെട്ടിയിട്ടു വളർത്തിയിട്ടും ഇതിന്റെ കോലം ഇങ്ങനെ തന്നെയാണോ എന്നു തോന്നാതിരുന്നില്ല.

കുശിനിപ്പുരയുടെ പിൻഭാഗത്ത് വെട്ടുകല്ലു മൂന്നെണ്ണം അടുപ്പിച്ച് താൽക്കാലികമായി കൂട്ടിയ അടുപ്പിൽ അപ്പുണ്ണിയും ശ്രീധരനും പപ്പടം കാച്ചുന്നു. ഒരാൾ തിളച്ച വെളിച്ചെണ്ണയിലേയ്ക്കു പപ്പടം ഇടുന്നു. ഒരാൾ കുത്തിയെടുക്കുന്നുമുണ്ട്. കാഞ്ഞ വെളിച്ചെണ്ണയുടേയും പപ്പടത്തിന്റേയും ഹൃദ്യമായ മണം മൂക്ക് പിടിച്ചെടുത്തു.

പടിഞ്ഞാറേ ഉമ്മറത്തു മുത്തശ്ശിയമ്മമാർ നാലഞ്ചുപേർ കിള്ളും കിളുമ്പും അടക്കം പറയുന്നുണ്ട്. പൂമുഖത്തെ ആലോചനകളോ, അടുക്കളപ്പുരയിലെ എരിപൊരിസഞ്ചാരങ്ങളോ, വികൃതികളായ കുട്ടികളുടെ ഓട്ടവും ചാട്ടവും ബഹളങ്ങളുമോ അവരെ അലട്ടിയില്ല.

ചിരവിയൊഴിഞ്ഞ പുത്തൻ ചിരട്ടയിൽ കുഞ്ഞുണ്ണി ചക്കരക്കാപ്പി കൊണ്ടുവന്നു. രുചികരമായ **കാപ്പി നാളികേരത്തിന്റെ സ്വാദോടെ മൊത്തിക്കുടിയ്ക്കുന്തോറും രസം കൂടി. ഇനിയുമിനിയും കുടിയ്ക്കണമെന്നു തോന്നിയെങ്കിലും ചോദിയ്ക്കാനായില്ല.

ചിരട്ട അടുപ്പിലേയ്ക്കിട്ട് ചാത്തപ്പൻ മെല്ലെ കവുങ്ങിൻ തോപ്പിലേയ്ക്കിറങ്ങി. ചരലും ചെമ്മണ്ണും കൂടിക്കലർന്ന പശിമയിൽ കാലു താഴ്‌ന്നു. കണ്ടങ്ങൾ ഇടത്തട്ടു തിരിച്ച്, കവുങ്ങുകൾക്കു വിസ്താരത്തിൽ തടമെടുത്തിട്ടുണ്ട്. അതിരുകളിൽ ഒറ്റവരിയിൽ കരുത്തുറ്റ തെങ്ങുകൾ കുല നിറഞ്ഞു നില്പുണ്ട്. പുലർച്ചയ്ക്കു തേകി നിറച്ചതെങ്കിലും സമൃദ്ധമായി എല്ലാ തടങ്ങളിലും വെള്ളമെത്തിയതിന്റെ പാട് ഒഴിഞ്ഞിരുന്നില്ല.

കുട നിവർത്തിയ കുളംചേമ്പുകളും, പടം നിവർത്തിയ താണിച്ചേമ്പുകളും വളക്കൂറിൽ തലയാട്ടി പരിലസിച്ചു. വെള്ളച്ചാലുകൾക്ക് അരികിലും നന്നാലു കവുങ്ങുകൾക്കിടയിലുമായി കദളിയും ചെങ്കദളിയും വെണ്ണീർ കദളിയും പാളയങ്കോടനും മൈസൂർപ്പൂവനും ഞാലിപ്പൂവനും കരുത്തോടെ മത്സരിച്ചു നിന്നു. കുലച്ചു ഘനം തൂങ്ങിയ വാഴക്കുലകൾക്കു മുളന്തൂണുകളിൽ താങ്ങ്, ഇരട്ടച്ചൂടിയിൽ ഞാൺബലം!

ആളനക്കം കേട്ട് ചവറ്റിലക്കിളികൾ ചിറകു കുടഞ്ഞ് കലപില കൂട്ടി. വാഴപ്പൂന്തേനുണ്ടു മദിച്ച്, അണ്ണാറക്കണ്ണന്മാർ വാഴയിലത്തുമ്പിൽ നിന്നു മറുതുമ്പിലേയ്ക്കു കലമ്പിപ്പറന്നു. നിത്യദുഃഖിതകൾ ചെമ്പോത്തുകൾ, കണ്ണീരൊഴിയാതെ പറന്നു കയറി. തലങ്ങനെ വിലങ്ങനെ വാലാട്ടിക്കിളികൾ, മൊളീലകളിൽ അഭ്യാസം പയറ്റി.

വടക്കുപടിഞ്ഞാറു മൂലയ്ക്കൊരു പൊട്ടക്കിണർ. തെക്കുകിഴക്ക് അതിരിനടുത്ത്, മൂന്നാം കിണറ്റിലെ കരമരത്തിൽ, തേക്കുകൊട്ടയും തുമ്പിയും ഞാന്നു കിടന്നു. പുലർച്ചയ്ക്കു തേവിയൊഴിഞ്ഞതിന്റെ കോട്ടമൊന്നും കിണറ്റിൽ കണ്ടില്ല; അത്രയും വെള്ളം നികന്നുകിടന്നു. ജലസമൃദ്ധിയിൽ മയങ്ങിയ മണ്ണിലെങ്ങും പശിമ വിതാനിച്ച ഹരിതാഭ തിങ്ങി. കിണറിനടുത്ത്, ഓട് മൂപ്പുള്ള കവുങ്ങുകളിൽ കിളിവാലൻ വെറ്റിലക്കൊടികൾ മൊതച്ചു നിന്നു.

കവുങ്ങുകളുടെ തടങ്ങളിൽ തലങ്ങും വിലങ്ങും പട്ടയും പാളയും കീരിയടയ്ക്കയും വീണുകിടന്നിരുന്നു. അടയ്ക്കയിൽ നിന്നു കുറച്ച് എടുക്കണം. കൊടിയിൽ നിന്നു നാലഞ്ചു വെറ്റില നുള്ളി തമ്പുരാട്ടിയ്ക്കു കൊണ്ടുപോയി കൊടുക്കണം. കരളിലൊരു കൗതുകം മെല്ലെ ചുവന്നു…

കാടും പടലവുമില്ലാതെ, പുല്ലും കളയുമില്ലാതെ കുടിയിരിപ്പു മുഴുവൻ വൃത്തിയായി കിടന്നു. നേരം പോക്കാൻ ഇവിടൊന്നും ചെയ്യാനില്ലെന്നു കണ്ട് തെക്കുപുറത്തെത്തി. പുല്ലുപായ വിരിച്ച് അതിഥികൾക്കു കോലായിൽ ചോറു വിളമ്പുന്ന തിരക്കിലാണ് എല്ലാവരും. ശ്രദ്ധ അങ്ങോട്ടു കൊടുക്കാതെ ചാത്തപ്പൻ കുന്നു കയറി.

കുന്നിനെ തട്ടുകളായി സമതലപ്പെടുത്തി മാറ്റിയിട്ടുണ്ട്. ആദ്യത്തെ തട്ടിലെ താമരപ്ളാവിന്റെ ചുവട്ടിൽ ചാത്തനും പറക്കുട്ടി മലവായി ദൈവങ്ങളും. ആദ്യമൊന്നു ഭയപ്പെട്ടെങ്കിലും വഴിമാറി നടന്നു. താമരപ്ളാവിനപ്പുറത്ത്, പൂളമരത്തൂണിൽ പടുകൂറ്റൻ വൈക്കോൽക്കൂന. അതിനപ്പുറത്തെ തട്ടുകൾ രണ്ടെണ്ണം ഞാറ്റുകണ്ടങ്ങളായിരുന്നു. മേല്പോട്ടു കയറിപ്പോകുന്ന തട്ടുകളോരോന്നിലും കൃഷികൾ വ്യത്യസ്തങ്ങളായിരുന്നു.

മുകളിലേയ്ക്കു ചെല്ലുന്തോറും കായ്ഫലവൃക്ഷങ്ങളിൽ തണലും സമ്പത്തും നിറഞ്ഞു. കിളിച്ചുണ്ടൻ, മൂവാണ്ടൻ, മുട്ടിക്കുടിയൻ, കടുമാങ്ങ, വളോറ്, പ്രിയോറ് തുടങ്ങിയ മൂച്ചിമാവുകൾ. വരിക്ക, തേൻവരിക്ക, പഴം‌വരിക്ക തുടങ്ങിയ വ്യത്യസ്തപ്ളാവർഗങ്ങൾ. ഉച്ചിയെത്തുന്നിടം പുല്ലാനിക്കുന്ന് ഉയരമില്ലാത്ത പറങ്കിമാവുകൾ കാ നിറച്ച് ഉഷ്ണപ്പെട്ടു.

വിരുന്നു കഴിഞ്ഞു. സംപ്രീതരായ അതിഥികൾ പടിഞ്ഞിരുന്ന് വിസ്തരിച്ചു മുറുക്കി സന്തോഷം പങ്കു വെച്ചു. ചെറുപ്പക്കാരിലൊരാൾ നിയോഗപ്രകാരം കുറിമാനം ഉറക്കെ വായിച്ചു. തീയതിയും മുഹൂർത്തവും വായിച്ചുകേട്ട് ഇരുകൂട്ടരും സന്തോഷിച്ചു. കാര്യങ്ങൾക്കിനി വൈകിയ്ക്കേണ്ടതില്ലെന്ന് ഓർമ്മപ്പെടുത്തി വരന്റെ സംഘം യാത്ര പറഞ്ഞിറങ്ങി. ചുണയമ്പാറ വരെ കൂട്ടരെ അനുഗമിച്ച് പാറമ്മാൻ യാത്രയാക്കി.

കേട്ടുകേൾവി മാത്രമായിരുന്ന മുനിമട കണ്ട് അത്ഭുതപ്പെട്ടു നിൽക്കുമ്പോഴാണ് ശ്രീധരൻ ചാത്തപ്പനെ ഊണു കഴിയ്ക്കാൻ വിളിച്ചത്.

“വര്വാ ചാത്തപ്പാ. നേരം ഒരുപാടായി. ഇനി ഊണു കഴിച്ചിട്ടാവാം.” കുന്നിറങ്ങി വന്ന ചാത്തപ്പനെ പാറമ്മാൻ ക്ഷണിച്ചു.

വിശപ്പും ദാഹവും കുന്നു കയറിയ വാട്ടവും ഉണ്ടായിരുന്നെങ്കിലും, ഭക്ഷണത്തിന്റെ സമയത്ത് എത്തിച്ചേർന്നതിൽ ജാള്യം തോന്നി.

“ചെല്ല്. കൈകാൽ മുഖം കഴുകി വര്വാ.” അമാന്തിച്ചു നിൽക്കുന്നതു കണ്ട് പാറമ്മാൻ ഓർമ്മിപ്പിച്ചു.

“നമുക്കു വിളമ്പിയിട്ടു വേണം അകത്ത് വിളമ്പാൻ. എല്ലാവരും വിശന്നിട്ടാണ് നിൽക്കുന്നത്.” അനന്തരം പാറമ്മാൻ രാഘവനെ വിളിച്ചു പറഞ്ഞു: “രാഘവാ, ചാത്തപ്പനു വെള്ളം എടുത്തുകൊടുക്ക്.”

മുരിങ്ങാത്തുടിയിലൂടെ രാഘവൻ പാളത്തൊട്ടി കിണറ്റിലിറക്കുമ്പോഴും വലിച്ചു കയറ്റുമ്പോഴും ‘കിയോം കിയോം’ കപ്പി കരഞ്ഞു.

“മോനേ, കൊറച്ച് വെള്ളം ആ ഉരുളിന് ഒഴിച്ചു കൊട്ക്ക്. അപശബ്ദം നല്ലതല്ല.” മുത്തശ്ശിയമ്മ ഒരാൾ വിളിച്ചു പറഞ്ഞു.

ഉരുളുന്ന സൂത്രത്തിലേയ്ക്കൊരു കുമ്പിൾ വെള്ളമൊഴിച്ചതും ‘കിയോം കിയോം’ ശബ്ദം നേർത്തു നേർത്തില്ലാതായി.

ഒരു പാളയിൽ വെള്ളമെടുത്ത്, സങ്കോചത്തോടെ കുശിനിപ്പുരയ്ക്കു വടക്കുപുറത്തു ചെന്നു. കൈകാൽ മുഖം ശുദ്ധി വരുത്തി. പുത്തൻ പാള ഒരെണ്ണം കോട്ടി ഉണ്ണാനുള്ള പാത്രമാക്കി. വാഴയണയിൽ നിന്ന് ഒരു ചീന്ത് ഇല കൂടെ കരുതി…

കൈയും മോറും കഴുകാൻ വടക്കുപുറത്തേയ്ക്കു കടന്ന ചാത്തപ്പനെ കാണാതെ പാറമ്മാൻ ഇറങ്ങി വന്നു. കഞ്ഞി വീഴ്‌ത്തുന്നതും കാത്തു മാറി നിൽക്കുന്ന ചാത്തപ്പനെ കണ്ട് ചിരിയ്ക്കാതിരിയ്ക്കാൻ കഴിഞ്ഞില്ല.

“ഇതൊന്നും ഇവ്ടത്തെ ശീലല്ല ചാത്തപ്പാ. എവിട്യാണ്ച്ചെങ്കിൽ അതൊക്കെ അവ്ടെ മതി. ഇന്ന് ന്റെ മകൾ കല്യാണീടെ ***കഞ്ഞികുടിയാണ്. താനിന്ന് ഇവ്ടെ നമ്മടെ കൂടെയിരുന്ന് ഉണ്ണും. അതിലൊരു മാറ്റവും ഇല്ല.” പാറമ്മാൻ തറപ്പിച്ചു പറഞ്ഞു.

വന്നതും നിന്നതും അബദ്ധമായെന്നു ചാത്തപ്പനു തോന്നി. വർത്തമാനം കേട്ട് കാളിക്കുട്ടിയും അപ്പുണ്ണിയും വടക്കുപുറത്തു വന്നു.

“ഇന്നൊരീസം ഇവ്ടെന്ന് കഴ്ച്ചതോണ്ട് കൊഴപ്പൊന്നും വരാൻല്യ ചാത്തപ്പാ. നിയ്യിങ്ങ് വായോ.” കാളിക്കുട്ടിയും ചാത്തപ്പനെ സ്നേഹപൂർവം ക്ഷണിച്ചു.

അനുസരിയ്ക്കാതെ നിവൃത്തിയില്ലെന്നായി. ചാത്തപ്പൻ സങ്കടപൂർവം ചെന്നു.

ചന്ദനവർണ തൂശനിലയിൽ കിഴക്കേ കോലായിൽ കാളിക്കുട്ടി ചോറു വിളമ്പി. തീർത്തും അരുതാത്തതാണു ചെയ്യാൻ പോകുന്നതെന്നു മനസ്സ് അപ്പോഴും പറയുന്നുണ്ടായിരുന്നു. കൂട്ടിലകപ്പെട്ട വെരുകിനെപ്പോലെ ചാത്തപ്പൻ പഴുതുകൾ തേടി…

“ഇങ്ങോട്ടിരുന്നോളൂ ചാത്തപ്പാ.” പാറമ്മാൻ വീണ്ടും ക്ഷണിച്ചു.

“വേണ്ട ചേനാറേ… ഞാൻ വീട്ട്യേ പോയി കയ്‌ച്ചോളാം…” ചാത്തപ്പൻ മുള്ളിന്മേൽ നിന്നു.

“വീട്ടിലേയ്ക്ക് അത് വേറെ കൊണ്ടോവാം. ഇത് ഇവിടിരുന്ന് കഴിച്ചോളൂ.” ഒന്നിട നിർത്തിയ പാറമ്മാൻ സംശയം പ്രകടിപ്പിച്ചു. “ഇവിടെ വെച്ചുണ്ടാക്കിയത് കഴിയ്ക്ക്യാവോ എന്തോ?”

“കഴിയ്ക്കുംച്ചാൽത്തന്നേം, കൊടുക്ക്‌ണ്‌തന്നെ പാവല്ലേ…” പാപദോഷങ്ങളിൽ കാളിക്കുട്ടിയുടെ മനസ്സിടറി.

“ഇന്നത്തെ ഇയ്യൊരീസായിട്ട്**** ഇതുവരെ ഒന്നും കയ്‌ച്ചിട്ടില്ല…” ചാത്തപ്പൻ സങ്കടം വെളിപ്പെടുത്തി.

ഉള്ളു തേങ്ങി. കാളിക്കുട്ടി ദയനീയം, പാറമ്മാന്റെ മുഖത്തേയ്ക്കു നോക്കി.

ഉണ്ണാനിരുന്നിടത്തു നിന്ന് പാറമ്മാൻ എഴുന്നേറ്റു. കല്യാണനാളിൽ ചാത്തങ്കുടിയിൽ അടുപ്പു പുകഞ്ഞിട്ടില്ലെന്നത് ആത്മനിന്ദയുണ്ടാക്കി. അപ്പുണ്ണിയും കല്യാണിയും കാർത്ത്യായനിയും പാത്തുമ്മുവും ഇറങ്ങി വന്നു. ഉണ്ണാനിരുന്ന മങ്ങാടൻ ഇരുന്നിടത്തു നിന്ന് എഴുന്നേറ്റു. ആരും യാതൊന്നും ഉരിയാടിയില്ല…

കാളിക്കുട്ടി ഒരു വട്ടിത്തൊട്ടി കൊണ്ടുവന്നു. നെടുനീളൻ വാഴയില രണ്ടുമൂന്നെണ്ണം അപ്പുണ്ണി മുറിച്ചുകൊണ്ടു വന്നു. അതു വാട്ടി, കഴുകിത്തുടച്ചു വിരിച്ച്, അതിൽ ചോറു വിളമ്പി. കാർത്ത്യായനിയും രാഘവനും പുത്തൻ പാള മുറിച്ച് കോട്ടിക്കെട്ടി ചെറിയ പാത്രങ്ങളാക്കി. അതിലേയ്ക്കു തൊടുകറികൾ വിളമ്പി. പുതിയ മൺകുടുക്കയിൽ ഒരു കുടുക്ക സാമ്പാർ ചോറിനു മീതെ ഇറക്കി വെച്ചു. വാട്ടിയ വാഴയില മറ്റൊരെണ്ണം അതിനു മീതെ വെച്ചു മൂടി.

അപ്പുണ്ണിയും രാഘവനും ചാത്തപ്പനെ പുഴ വരെ അനുഗമിച്ചു.

മക്കൾ തിരികെയെത്തുന്നതു വരെ പാറമ്മാൻ ചിന്താമഗ്നനായി കാത്തുനിന്നു. കഥകളെല്ലാം അറിയാവുന്ന മങ്ങാടനും മൗനം പാലിച്ചു നിന്നു.

കാളിക്കുട്ടി ചോറു വിളമ്പി. പാറമ്മാൻ ഭൂമീദേവിയ്ക്ക് അന്നം തൊട്ടു വെച്ചു. കൈപ്പിടിയിലൊതുങ്ങാത്ത പൊതിയുരുള ഇലത്തലയ്ക്കൽ മാറ്റി വെച്ചു. അതു ചൊക്കൂനുള്ളത്. കാത്തു നിന്ന കല്യാണിയ്ക്കും പാത്തുമ്മുവിനും ഓരോ ഉരുള ഊട്ടി. അടുത്ത ഊഴം അന്നം കൈക്കൊള്ളുമ്പോൾ പാറമ്മാൻ മരുമകനോടെന്ന പോലെ ആത്മഗതം വെളിപ്പെടുത്തി: “മഠത്തിലമ്മയെ കാണണം”.

(തുടരും)

*നിശ്ചയാർത്ഥം – വിവാഹനിശ്ചയം

**മല്ലി, നല്ല ജീരകം, ഉലുവ, ചുക്ക്, ഏലക്കായ സമം ഉണക്കിപ്പൊടിച്ച് കരുപ്പെട്ടിച്ചക്കരയിട്ടു തിളപ്പിച്ച കാപ്പി.

***വിവാഹനിശ്ചയം.

****ഈ ഒരു ദിവസം – വേളി കഴിഞ്ഞ ദിവസം.

 

_____________________________________________________________________

 

രചനയെപ്പറ്റിയുള്ള പ്രതികരണങ്ങൾ താഴെക്കാണുന്ന ഐഡികളിൽ ഏതെങ്കിലുമൊന്നിലേയ്ക്ക് ഈമെയിലായി അയച്ചുതരിക:

blogezhuththulokam@gmail.com

blogezhuththulokam@outlook.com

 

_____________________________________________________________________

 

ബ്ലോഗെഴുത്തുലോകത്തിലെ മറ്റു ലിങ്കുകൾ

ബ്ലോഗെഴുത്തുലോകം ഒന്നാം പേജ്

നിബന്ധനകൾ, മുന്നറിയിപ്പുകൾ, അറിയിപ്പുകൾ

രചനകളുടെ സമ്പൂർണലിസ്റ്റ്

ബ്ലോഗെഴുത്തുലോകം വാരം അഞ്ചിലെ രചനകൾ

സമ്മാനാർഹമായ രചനകൾ

ബ്ലോഗെഴുത്തുലോകം രചയിതാക്കളുടെ ലിസ്റ്റ്

ബ്ലോഗെഴുത്തുലോകത്തിലെ മറ്റു ലിങ്കുകൾ

_____________________________________________________________________

വേദാരണ്യത്തിന്റെ മുൻ അദ്ധ്യായങ്ങളുടെ ലിങ്കുകൾ:

വേദാരണ്യം അദ്ധ്യായം 21: പട്ടം

വേദാരണ്യം അദ്ധ്യായം 20: ഏഴാംപൂജ

വേദാരണ്യം അദ്ധ്യായം 19: അന്നലക്ഷ്‌മി

വേദാരണ്യം അദ്ധ്യായം 18: ഹൃദയവാഹിനി

വേദാരണ്യം അദ്ധ്യായം 17: കണ്ണീർവഴികൾ

വേദാരണ്യം അദ്ധ്യായം 16: പഷ്‌ണിപ്പുര

വേദാരണ്യം അദ്ധ്യായം 15: നിഴൽരൂപങ്ങൾ

വേദാരണ്യം അദ്ധ്യായം 14: ഉതിർമണികൾ

വേദാരണ്യം അദ്ധ്യായം 13: ചെപ്പ്

വേദാരണ്യം അദ്ധ്യായം 12: മകരച്ചൊവ്വ

വേദാരണ്യം അദ്ധ്യായം 11: കൃഷ്‌ണതുളസി

വേദാരണ്യം അദ്ധ്യായം 10: ഗൃഹപ്രവേശം

വേദാരണ്യം അദ്ധ്യായം 9: പാഥേയം

വേദാരണ്യം അദ്ധ്യായം 8: ജലമൗനം

വേദാരണ്യം അദ്ധ്യായം 7: കാവ് തീണ്ടൽ

വേദാരണ്യം അദ്ധ്യായം 6: ഊരുവലം

വേദാരണ്യം അദ്ധ്യായം 5: പുലപ്പേടി

വേദാരണ്യം അദ്ധ്യായം 4: ജനനി

വേദാരണ്യം അദ്ധ്യായം 3: കൈതമുള്ള്

വേദാരണ്യം അദ്ധ്യായം 2: കുരുപ്പ്

വേദാരണ്യം അദ്ധ്യായം 1 വൈലിത്തറ

_____________________________________________________________________

Advertisements

About ബ്ലോഗെഴുത്തുലോകം

മലയാളം ബ്ലോഗെഴുത്തുകാർക്കു ‘ബ്ലോഗെഴുത്തുലോക’ത്തിലേയ്ക്കു ഹാർദ്ദമായ സ്വാഗതം.
This entry was posted in ബ്ലോഗെഴുത്തുലോകം, ബ്ളോഗെഴുത്തുലോകം and tagged , , , , , , , , , , . Bookmark the permalink.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s