ബ്ലോഗെഴുത്തുലോകം വാരം 005 രചന 01

വേദാരണ്യം അദ്ധ്യായം 21: പട്ടം (നോവൽ)

സജി വട്ടംപറമ്പിൽ

sajivattamparambil@yahoo.com

 

കുചേലൻ വഴി നടന്നു.

മനസ്സറിഞ്ഞ ചങ്ങാതി. കൃഷ്‌ണനിൽ കവിഞ്ഞൊരാളില്ല. വഴികൾ രണ്ടായി പിരിഞ്ഞെങ്കിലും ഗുരുകുലം ഒന്നായിരുന്നു. ഉള്ളിൽ ഗ്ലാനി തോന്നി. പക്ഷേ, കാര്യമാക്കിയില്ല. തമ്മിൽ കണ്ടിട്ടാണെങ്കിൽ നാളേറെയായി. കാണണമെന്നു തന്നെ തീർച്ചപ്പെടുത്തി.

കുഞ്ഞിലേ കണ്ണൻ തിരുമാലിയാണ്! സതീർത്ഥ്യനായി നടന്ന കാലങ്ങളിലെ കളികൾ, വികൃതികൾ പലതും ഓർമ്മയിൽ ചിരിയുണർത്തി. അദ്ദേഹത്തിന്റെ കുറുമ്പും കൂട്ടുകെട്ടും… വിശേഷിച്ച് പെൺകിടാങ്ങൾ: ഹെയ്!

ആർക്കുമില്ല അലോഹ്യം! നമ്മൾ ആ വഴിയ്ക്കൊട്ടും നടന്നില്ല. ഇപ്പോൾ എങ്ങനെയൊക്കെയാണാവോ! ഒട്ടും കുറവു കാണാൻ തരമില്ല. അർജുനനല്ലേ കൂട്ട്. ഒരുത്തനൊരുത്തൻ ചേരും. രണ്ടാളും കൂടിയാൽ പിന്നെ പറയണോ!

മനോരാജ്യങ്ങൾ പലതും കണ്ടു. ശ്രീകൃഷ്ണലീലകളിൽ മനം കുളിർന്നു നടന്നപ്പോൾ ക്ഷീണവും ദാഹവും അറിഞ്ഞതേയില്ല. എത്തിയതു പോലും അറിഞ്ഞില്ല!

ഇടവഴിയിൽ നിന്നു കയറിയതും, ചാത്തപ്പൻ നിന്നു പരുങ്ങി.

പരിചിതരല്ലാത്ത ആരൊക്കെയോ മുറ്റത്തും പൂമുഖത്തും സന്തോഷങ്ങൾ പങ്കുവെയ്ക്കുന്നു. കൂട്ടത്തിൽ പ്രമുഖനെന്നു തോന്നുന്ന കാരണവർ ഒരാൾ രണ്ടാം മുണ്ട് കഴുത്തിൽ ചുറ്റി പൂമുഖത്തെ ചാരുകസേരയിലുണ്ട്. മുന്നിൽ, പുല്ലുപായയിൽ അഞ്ചാറുപേർ കാതുകൊടുക്കുന്നു. നീട്ടിയും പരത്തിയും കസേരത്തണ്ടിൽ കൈ എടുത്തുവെച്ചും കാരണവർ വഴികൾ, വിവരങ്ങൾ വിസ്തരിക്കുന്നു.

മുഖം കാണിയ്ക്കാനാവാതെ വീർപ്പു മുട്ടിയ പെണ്ണുങ്ങൾ, അകത്തും വടക്കേ ഉമ്മറത്തും തിങ്ങിപ്പാർത്തു. അനുസരണക്കേടുള്ള കുട്ടികളെ കണ്ണും മോറും കാണിച്ച് ചൊൽപ്പടിയ്ക്കു നിർത്താനുള്ള വിഫലശ്രമങ്ങളും അണിയറയിലുണ്ട്. ഒച്ച അതിഥികളെ അലോസരപ്പെടുത്തരുതല്ലോ!

കുശിനിപ്പുരയിൽ ആരൊക്കെയോ ദേഹണ്ണത്തിൽ പുകയുന്നു. കൊതിപ്പിക്കുന്ന വറവും ചൂരും പുറത്തേയ്ക്കു വരുന്നുണ്ട്. എടുത്തു പെരുമാറുന്നതും ഇളക്കി പാകപ്പെടുത്തുന്നതുമായ ശബ്ദങ്ങൾ അടക്കിപ്പിടിച്ച നിർദ്ദേശങ്ങൾക്കൊപ്പം അടുക്കളപ്പുരയിൽ നിന്നു കേൾക്കുന്നുണ്ട്. വിശേഷമായി ചടങ്ങുകളെന്തോ നടക്കുന്നുണ്ടെന്നു മനസ്സിലാക്കി ചാത്തപ്പൻ പിന്തിരിഞ്ഞു.

“എടോഴീല് ആരോ നിന്ന് പെരങ്ങണ്‌ണ്ടല്ലോ.”

കാരണവരുടെ കാകദൃഷ്ടിയിൽ എല്ലാവരുടേയും ശ്രദ്ധ തിരിഞ്ഞു. അതിനു മുൻപേ ചാത്തപ്പൻ പടിഞ്ഞാട്ടിറങ്ങി.

“കുഞ്ഞുണ്ണ്യേ, അതാരാന്നൊന്ന് നോക്ക്യേ.”

പാറമ്മാൻ വിളിച്ചുപറഞ്ഞതും രാഘവൻ ഇടവഴി ചാടി. പുറം തിരിഞ്ഞു നടന്നു പോകുന്ന ചാത്തപ്പനെ രാഘവൻ തിരിച്ചറിഞ്ഞു.

“അത് തെയ്ക്ക്യാട്ടുള്ള ചാത്തപ്പനാ,” രാഘവൻ അറിയിച്ചു.

“എന്തിനാവോ ഇവിടത്തോളം വന്ന്‌ട്ട് കേറാണ്ട് പോയത്. വിളിയ്ക്ക് അവനെ. എന്തെങ്കിലും കാര്യം ണ്ടാവും.” പാറമ്മാൻ ഇരുന്നിടത്തുനിന്ന് എഴുന്നേറ്റു.

“അറിയാത്ത ആൾക്കാരെ ഇവ്ടെ കണ്ട്‌ട്ടാവും കേറാണ്ട് പോയത്,” മുറ്റത്തു നിൽക്കുന്നവരിലൊരാൾ ഊഹം പറഞ്ഞു.

“നമുക്ക് ഉപകാരത്തിനു പെട്ട ഒരാളാണ്. ഇവന്റെ ഇന്തയും ഇന്തയുടെ ഇന്തയുമൊക്കെ ആയിട്ടുള്ള അടുപ്പമാണ്.” പാറമ്മാൻ ചുരുക്കിപ്പറഞ്ഞു. “ഇപ്പോ ഒരു ഏഡാകൂടത്തിൽ അകപ്പെട്ടിരിയ്ക്കുകയാണ് കക്ഷി. എന്താ ഏതാന്ന് പിന്നെ അറിഞ്ഞില്ല.”

“വര്ണില്യാ. പിന്നെ വരാം ന്നാണു പറഞ്ഞത്,” രാഘവൻ വിളിച്ചറിയിച്ചു.

“വരാതിരിയ്ക്കില്ല. അച്ഛനാ വിളിയ്ക്ക് ണൂന്ന് പറയ്.” പാറമ്മാൻ മുറ്റത്തേയ്ക്കിറങ്ങി.

രാഘവൻ ഒപ്പമെത്തി, ചാത്തപ്പനെ വഴി തടഞ്ഞ് കൂട്ടിക്കൊണ്ടു വന്നു. ഇടവഴിയിൽ സങ്കോചപ്പെട്ടു നിന്ന ചാത്തപ്പനെ പാറമ്മാൻ കൈ മാടി വിളിച്ചു.

“എന്താഡോ ചാത്തപ്പാ. ഇങ്ങ്‌ട്ട് കേറി വര്വാ. ഒരാവശ്യം നടക്കുമ്പോൾ തിരിച്ചു പുവ്വ്വാ? വെകടം ഒന്നൂം ല്യ. ഇതൊക്കെ ഇമ്പ്ക്ക് വേണ്ടപ്പെട്ടോരു തന്ന്യാ.” പാറമ്മാൻ ചാത്തപ്പനെ ക്ഷണിച്ചു.

“ഒരു നല്ല ദെവസായിട്ട് കേറാണ്ട് പുവ്വ്വാ? അതെന്ത് മര്യാദേഡോ ചാത്തപ്പാ?” വെള്ളക്കുപ്പായക്കാരിലൊരാൾ കുറ്റപ്പെടുത്തി.

“അവൻ ഇതൊന്നും അറിഞ്ഞിട്ട് ണ്ടാവില്യ.” പാറമ്മാൻ മദ്ധ്യം നിന്നു. “ഇന്നെന്താ വേലേം തരം ഒന്നൂം ല്യേ?”

“ഇല്യാ… പോയില്യാ…” കുറ്റസമ്മതമെന്നോണം കാൽക്കീഴിൽ നോക്കി പറഞ്ഞു.

“അതെന്തേ പണിയ്ക്ക് പുവ്വാണ്ടിരുന്നേ?”

“ന്ന് പോണ്ടാന്ന് പറഞ്ഞു,” പാറമ്മാനു മാത്രം കേൾക്കാവുന്ന സ്വരത്തിൽ ചുണ്ടുകൾ മന്ത്രിച്ചു.

കോർത്ത് മലർത്തിയ കൈകളിൽ തല വെച്ച് കസേരയിൽ ചാരിക്കിടക്കുകയായിരുന്ന കാരണവർ ചുണ്ടുകൾ വായിച്ചെടുത്തു. നിവർന്ന് കോളാമ്പ്യെടുത്ത കാരണവർ നർമ്മമുൾക്കൊണ്ട് മുറുക്കാൻ തുപ്പി.

“സ്നേഹം കൂടുമ്പോൾ പെണ്ണുങ്ങൾ കെട്ടിപ്പിടിച്ചെന്നു വരും. കൂട്ടിപ്പിടിയ്ക്കും, ഉമ്മ വെയ്ക്കും. ഇന്നൊരീസം പണിയ്ക്ക് പോണ്ടാ ന്ന് പറയും. അതൊക്കെ താൻ എന്നും തൊഴിലിന് പോകുന്നതോണ്ട് പറയണതാണ്. അതും കേട്ട് പുവ്വാണ്ടിരുന്നാൽ ഈ പുന്നാരോന്നും പിന്നെണ്ടാവില്ല. അതിന്റെ വെല കൊറവ് ആണുങ്ങൾക്കാണ്. കേട്ടില്ലേഡോ, ശ്രീമാൻ ചാത്തപ്പൻ? ആവതുള്ളിടത്തോളം പണിയെടുക്കണം. എന്താ?  ഉം??“

‘എന്താ കേട്ടില്ലേ’ എന്ന മട്ടിൽ കാരണവർ ചൂഴ്‌ന്നു നോക്കി. ആ കണ്ണുകളിലെ കൂർമ്മത ഉള്ളിലെങ്ങോ തട്ടി. ഈ കണ്ണുകൾ മുൻപെവിടെയോ കണ്ടു മറന്നതാണല്ലോ… ക്ഷണാർദ്ധത്തിൽ അത് എവിടെ വെച്ച് എന്നൊന്നും ഓർക്കാനായില്ല…

ശ്രീമാൻ ചാത്തപ്പൻ! ആദ്യമായിട്ടായിരുന്നു ഒരാൾ ശ്രീ ചാർത്തി വിളിച്ചത്. അതിന്റെ പൊരുളെന്തെന്നു മനസ്സിലായില്ലെങ്കിലും നല്ലോണം ഇഷ്ടായി…

കാരണവരുടെ പ്രൗഢവായ്പിൽ ജാള്യം മറയ്ക്കാൻ പാടുപെട്ടു.

(തുടരും)

 

_____________________________________________________________________

 

രചനയെപ്പറ്റിയുള്ള പ്രതികരണങ്ങൾ താഴെക്കാണുന്ന ഐഡികളിൽ ഏതെങ്കിലുമൊന്നിലേയ്ക്ക് ഈമെയിലായി അയച്ചുതരിക:

blogezhuththulokam@gmail.com

blogezhuththulokam@outlook.com

 

_____________________________________________________________________

ബ്ലോഗെഴുത്തുലോകത്തിലെ മറ്റു ലിങ്കുകൾ

ബ്ലോഗെഴുത്തുലോകം ഒന്നാം പേജ്

നിബന്ധനകൾ, മുന്നറിയിപ്പുകൾ, അറിയിപ്പുകൾ

രചനകളുടെ സമ്പൂർണലിസ്റ്റ്

ബ്ലോഗെഴുത്തുലോകം വാരം അഞ്ചിലെ രചനകൾ

സമ്മാനാർഹമായ രചനകൾ

ബ്ലോഗെഴുത്തുലോകം രചയിതാക്കളുടെ ലിസ്റ്റ്

ബ്ലോഗെഴുത്തുലോകത്തിലെ മറ്റു ലിങ്കുകൾ

_____________________________________________________________________

വേദാരണ്യത്തിന്റെ മുൻ അദ്ധ്യായങ്ങളുടെ ലിങ്കുകൾ:

വേദാരണ്യം അദ്ധ്യായം 20: ഏഴാംപൂജ

വേദാരണ്യം അദ്ധ്യായം 19: അന്നലക്ഷ്‌മി

വേദാരണ്യം അദ്ധ്യായം 18: ഹൃദയവാഹിനി

വേദാരണ്യം അദ്ധ്യായം 17: കണ്ണീർവഴികൾ

വേദാരണ്യം അദ്ധ്യായം 16: പഷ്‌ണിപ്പുര

വേദാരണ്യം അദ്ധ്യായം 15: നിഴൽരൂപങ്ങൾ

വേദാരണ്യം അദ്ധ്യായം 14: ഉതിർമണികൾ

വേദാരണ്യം അദ്ധ്യായം 13: ചെപ്പ്

വേദാരണ്യം അദ്ധ്യായം 12: മകരച്ചൊവ്വ

വേദാരണ്യം അദ്ധ്യായം 11: കൃഷ്‌ണതുളസി

വേദാരണ്യം അദ്ധ്യായം 10: ഗൃഹപ്രവേശം

വേദാരണ്യം അദ്ധ്യായം 9: പാഥേയം

വേദാരണ്യം അദ്ധ്യായം 8: ജലമൗനം

വേദാരണ്യം അദ്ധ്യായം 7: കാവ് തീണ്ടൽ

വേദാരണ്യം അദ്ധ്യായം 6: ഊരുവലം

വേദാരണ്യം അദ്ധ്യായം 5: പുലപ്പേടി

വേദാരണ്യം അദ്ധ്യായം 4: ജനനി

വേദാരണ്യം അദ്ധ്യായം 3: കൈതമുള്ള്

വേദാരണ്യം അദ്ധ്യായം 2: കുരുപ്പ്

വേദാരണ്യം അദ്ധ്യായം 1 വൈലിത്തറ

_____________________________________________________________________

 

Advertisements

About ബ്ലോഗെഴുത്തുലോകം

മലയാളം ബ്ലോഗെഴുത്തുകാർക്കു ‘ബ്ലോഗെഴുത്തുലോക’ത്തിലേയ്ക്കു ഹാർദ്ദമായ സ്വാഗതം.
This entry was posted in ബ്ലോഗെഴുത്തുലോകം, ബ്ളോഗെഴുത്തുലോകം and tagged , , , , , , , , , , . Bookmark the permalink.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s